ഓടുന്ന ട്രെയിനിൽ കയറാനൊരുങ്ങിയ പെൺകുട്ടി ട്രാകിൽ വീണു; മരണമുഖത്ത് നിന്ന് രക്ഷകനായി കാസർകോട്ടെ വിദ്യാർഥി
മംഗ്ളുറു: ഓടുന്ന ട്രെയിനിൽ കയറാനൊരുങ്ങിയ വിദ്യാർഥിനി ട്രാകിൽ വീണു. മരണമുഖത്ത് നിന്ന് പെൺകുട്ടിക്ക് രക്ഷകനായി കാസർകോട്ടെ വിദ്യാർഥി. വ്യാഴാഴ്ച മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
സ്റ്റേഷനിൽ ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പെൺകുട്ടി കയറാൻ ശ്രമിച്ചത്. ആ ശ്രമം പരാജയപ്പെടുകയും ട്രാകിലേക്ക് തെന്നി വീഴുകയും ചെയ്തു. കാഴ്ച കണ്ടവരെല്ലാം പരിഭ്രാന്തരായി. ഏതുനിമിഷവും ട്രെയിനിനിടയിൽ പെട്ട് പോകുമെന്ന ഘട്ടത്തിലാണ് രക്ഷകനായി മഞ്ചേശ്വരം സ്വദേശിയും മംഗ്ളൂറിൽ വിദ്യാർഥിയുമായ മനീഷ് എത്തിയത്.
ഉടൻ തന്നെ മനീഷ് ട്രാകിൽ നിന്ന് പെൺകുട്ടിയെ ഉയർത്തി ജീവൻ രക്ഷിക്കുകയായിരുന്നു. മനസാന്നിധ്യത്തോടെയുള്ള മനീഷിന്റെ മാതൃകാപരമായ ഇടപെടൽ കണ്ടുനിന്നവരുടെയെല്ലാം കയ്യടി വാങ്ങി. മനീഷിന്റെ ധൈര്യത്തെ റെയിൽവേ വകുപ്പും അഭിനന്ദിച്ചു. ഓടുന്ന ട്രെയിനിലേക്ക് കയറാനോ ഇറങ്ങോനോ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് പാലിക്കണമെന്ന് വീണ്ടും ഓർമപ്പെടുത്തുക കൂടിയാണ് മംഗ്ളൂറിലെ സംഭവം.