വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പേരുവിവരം ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ പേരുവിവരം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജില്ല തിരിച്ചുള്ള കണക്കുകൾ ഇന്ന് ഉച്ചക്ക് കഴിഞ്ഞ് പുറത്തുവിടും.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ചില അധ്യാപകർ വാക്സിൻ വിരുദ്ധ പ്രചാരകരാകുന്നെന്ന പരാതിയും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടുണ്ട്. സ്കൂൾ പ്രവർത്തന സമയം ഡിസംബർ രണ്ടാം വാരം വൈകുന്നേരം വരെയാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്.
വാക്സിൻ എടുക്കാത്തവരുടെ വിവരം അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും.