ഒമിക്രോൺ കൊടും ഭീകരൻ, ഒരിക്കൽ കൊവിഡ് വന്നവർക്ക് വീണ്ടും വരാനുള്ള സാദ്ധ്യത മൂന്നിരട്ടി, പഠനത്തിൽ വ്യക്തമായത് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങൾ
ജോഹന്നാസ്ബർഗ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിചാരിച്ചതിനെക്കാൾ ഭീകരമെന്ന് പഠന റിപ്പോർട്ട്. ഒരിക്കൽ കൊവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാദ്ധ്യത മൂന്നിരട്ടിയെന്നാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.ദക്ഷിണാഫ്രിക്കയിൽ പലയിടങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുളളത്. നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം നേരത്തേ കൊവിഡ് വന്ന 2.8 ദശലക്ഷം പേരിൽ 35,670 പേര്‍ക്ക് വീണ്ടും കൊവിഡ് വന്നു എന്നാണ് വ്യക്തമായത്. ദക്ഷിണാഫ്രിക്കന്‍ ഡിഎസ്ഐ-എന്‍ആര്‍എഫ് സെന്റര്‍ ഒഫ് എക്സലന്‍സ് ഇന്‍ എപ്പിഡെമിയോളജിക്കല്‍ മോഡലിംഗ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പുള്ളിത്തിന്റെ നേതൃത്വത്തിലായിരുന്നു പഠനം.നേരത്തേയുള്ള വകഭേദങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധ ശേഷി മറികടക്കാൻ ഒമിക്രോൺ വകഭേദത്തിന് കഴിവ് കൂടുതലാണ്. അതാണ് പെട്ടെന്ന് പടർന്നുപിടിക്കാൻ കാരണവും. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം ഒറ്റദിവസം കൊണ്ട് ഇരട്ടിയായതായി റിപ്പോർട്ടുണ്ടായിരുന്നു.പഠനവിധേയരാക്കിയ രോഗികൾ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നോ എന്ന് വ്യക്തമല്ലാത്തതിനാൽ വാക്സിൻ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടന്നു എന്നതിന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്. നിലവിലെ വാക്സിനുകൾക്ക് ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള കഴിവില്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.