വഖഫ് നിയമനം: ലീഗിനെ തള്ളി സമസ്ത, പ്രതിഷേധം പള്ളികളിൽ വേണ്ട, സർക്കാരുമായി ചർച്ചയ്ക്ക്
കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധിക്കണമെന്ന മുസ്ളീം ലീഗ് നിലപാടിനെ തള്ളി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. മുഖ്യമന്ത്രി ചർച്ചയ്ക്കായി സന്നദ്ധത പ്രകടിപ്പിച്ചുവെന്നും അതുകൊണ്ട് തന്നെ പള്ളികളിൽ പ്രതിഷേധിക്കേണ്ടതില്ലെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. നിയമനങ്ങൾ പി എസ് സിക്ക് വിട്ടതിൽ പ്രതിഷേധമുണ്ടെന്നും അത് വേണ്ടപ്പെട്ടവരെ അറിയിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.പരിഹാരമുണ്ടായില്ലെങ്കിൽ മറ്റ് പ്രതിഷേങ്ങളിലേയ്ക്ക് കടക്കും. മുഖ്യമന്ത്രി രണ്ടാഴ്ചയ്ക്ക് മുൻപ് ബന്ധപ്പെട്ടിരുന്നുവെന്നും വിഷയത്തിൽ കൂടിയാലോചിക്കാമെന്ന് അറിയിച്ചതായും തങ്ങൾ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രതിനിധിയെന്ന നിലയിൽ എളമരം കരീം എം പിയും സമസ്ത നേതാക്കളെ ചർച്ചയ്ക്കായി ബന്ധപ്പെട്ടിരുന്നു. മാന്യമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിൽ നമ്മളും അതേ രീതിയിൽ തന്നെ നീങ്ങേണ്ടതുണ്ട്. പരിഹാര മാർഗങ്ങളുണ്ടോയെന്നാണ് ആദ്യം ചിന്തിക്കേണ്ടത്. ഇല്ലെങ്കിൽ പ്രതിഷേധത്തിന് മുന്നിൽ സമസ്തയുണ്ടാകുമെന്നും തങ്ങൾ അറിയിച്ചു. പള്ളി ആദരിക്കപ്പെടേണ്ട ഇടമാണ്. പവിത്രതയ്ക്ക് യോജിക്കാത്ത പ്രകോപനപരമായ കാര്യങ്ങൾ ഇവിടെ ഉണ്ടാകരുതെന്നും പലരും കുഴപ്പമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും ഉത്തരവാദിത്തം സമസ്തയ്ക്കാവുമെന്നും തങ്ങൾ പറഞ്ഞു.വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെയും തങ്ങൾ രൂക്ഷവിമർശനം നടത്തി. വഖഫ് മന്ത്രി പറഞ്ഞത് എന്തുവന്നാലും നിയമം പാസാക്കുമെന്നാണെന്നും അതൊരു ധാര്‍ഷ്ട്യമാണെന്നും തങ്ങൾ കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാവില്ല. പള്ളികളില്‍ നിന്ന് കാര്യങ്ങള്‍ പറയുമ്പോഴും പ്രകോപനപരമാകരുതെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.