കാമുകിയെ കൊലപ്പെടുത്തി അടുപ്പിനടിയില്‍ കുഴിച്ചിട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
അടിമാലി: ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊലപ്പെടുത്തി അടുപ്പിനടിയില്‍ കുഴിച്ചിട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കട്ടപ്പന കാമാക്ഷി സ്വദേശിനി സിന്ധു കൊല്ലപ്പെട്ട സംഭവത്തില്‍ പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയിക്കെതിരേയാണു കുറ്റപത്രം സമര്‍പ്പിച്ചത്. 87-ാം ദിവസമായ ഇന്നലെ ഇടുക്കി ഡിവൈ.എസ്.പി: ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലാണ് ജില്ലാ കോടതിയില്‍ ആയിരത്തോളം പേജുകള്‍ വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. 120 പേരുടെ സാക്ഷിമൊഴികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതി ബിനോയി മുട്ടം കോടതിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ ജാമ്യം ഉടന്‍ ലഭിക്കില്ല.
ഓഗസ്റ്റ് 11 – നായിരുന്നു കേസിനാസ്പദമായ സംഭവം. 26-ാം ദിവസമാണു പ്രതി പിടിയിലായത്. സിന്ധുവിനെ കൊന്നു കുഴിച്ചു മൂടിയത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.
സിന്ധുവും പ്രതിയും തമ്മില്‍ ആറു വര്‍ഷത്തെ അടുപ്പമാണുണ്ടായിരുന്നത്. ആദ്യ ഭര്‍ത്താവിനോട് സിന്ധുവിന് അടുത്ത നാളുകളായി തോന്നിയ അടുപ്പമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു. ഒപ്പം താമസിച്ചിരുന്ന സിന്ധുവിന്റെ 13 വയസുള്ള ഇളയമകനെ ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന സഹോദരി മേരിയുടെ വീട്ടിലേക്ക് രാവിലെ അയച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 11ന് രാത്രി 12 നു സിന്ധുവുമായി വഴക്കുണ്ടാക്കിയ ശേഷം മര്‍ദിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തി എന്നുമാണു മൊഴിയെന്നു കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റകൃത്യം വെളിച്ചത്ത് വരാതിരിക്കാന്‍ അടുപ്പ് ഇരുന്ന ഭാഗത്ത് കുഴിയെടുത്തു സംസ്കരിച്ചു. കുഴിക്ക് ആഴം കുറവായിരുന്നതിനാല്‍ കൈകാലുകള്‍ മടക്കിയാണു കുഴിയിലേക്ക് ഇറക്കിയതെന്നും വസ്ത്രങ്ങള്‍ എല്ലാം ഊരി മാറ്റിയതായും പ്രതി സമ്മതിച്ചു. മരിച്ചു എന്ന് ഉറപ്പു വരുത്താതെയാണ് കുഴിയില്‍ ഇറക്കിയത്. ആ സമയത്തും സിന്ധുവിന്റെ വായ തുറന്നിരുന്നതിനാലാണ് പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടിയത്. പൂര്‍വസ്ഥിതിയില്‍ അടുപ്പ് നിര്‍മിച്ച ശേഷം തീ കത്തിച്ച് ഉപയോഗിച്ചിരുന്നു. പിറ്റേന്ന് അടിമാലി അടക്കമുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തു. എന്നാല്‍ പതിനഞ്ചാം തീയതി പോലീസിന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം തന്നിലേക്ക് തിരിയും എന്നുറപ്പായപ്പോഴാണു രക്ഷപ്പെടാന്‍ തീരുമാനിച്ചത്. 16ന് അണക്കരയില്‍ എത്തി കുമളി വഴി തമിഴ്നാട്ടിലേക്കു കടന്നു. പിന്നീട് പത്തനംതിട്ട, റാന്നി, കോട്ടയം, പാലക്കാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒളിവില്‍ താമസിച്ചു. സിന്ധുവിന്റെ മൃതദേഹം പോലീസിന് കണ്ടെത്താനായിട്ടില്ലെന്ന് ഉറപ്പായതോടെ ബിനോയ് തിരികെ നാട്ടിലേക്ക് വരുവാന്‍ തീരുമാനിക്കുകയായിരുന്നു. പെരിഞ്ചാംകുട്ടിയിലെ തേക്ക് പ്ലാന്റേഷനിലെ ഒരു പാറയിടുക്കില്‍ താമസിച്ചു.
മാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെ തിരികെ വീണ്ടും തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് ആണ് ഒരു സിമ്മിന്റെ ടവര്‍ ലൊക്കേഷന്‍ പോലീസിന് ലഭിച്ചത്. ഇതനുസരിച്ച് പോലീസ് സംഘങ്ങള്‍ പെരിഞ്ചാംകുട്ടി മേഖലയില്‍ പരിശോധന കടിപ്പിച്ചു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പരിചയമില്ലാത്ത വാഹനത്തിന് കൈ കാണിച്ച് തമിഴ്നാട്ടിലേക്ക് കയറി പോകുന്നതിന് ഒരുങ്ങി നില്‍ക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.
ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇടുക്കി ഡിവൈ.എസ്പി: ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘത്തെ മൂന്ന് ടീമുകള്‍ ആയി തിരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നത്. സി.ഐ: ആര്. കുമാര്‍, എസ്.ഐമാരായ രാജേഷ്, സി.ആര് സന്തോഷ്, സജി എന്‍. പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കി വീണ്ടും ഇയാളെ ജയിലിലേക്കു മാറ്റിയിരുന്നു.