വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയണം: കോറോണകോര് കമ്മിറ്റി
കാസർകോട് :കോവിഡ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനു ശേഷം കോവിഡ് പരിശോധന നടത്തണമെന്നും തുടര്‍ന്ന് വീണ്ടും എഴ് ദിവസം കൂടി ഐസൊലേഷനില്‍ തുടരണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ല കോറോംണ കോര്‍കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഐസൊലേഷന്‍ സൗകര്യമുള്ള ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
പ്രധാന തീരുമാനങ്ങള്‍:
ജില്ലയില്‍ 98.6 ശതമാനം പേര്‍ക്കും ആദ്യഡോസ് കോവിഡ് വാക്സിനേഷന് നല്‍കിയിട്ടുണ്ടെങ്കിലും രണ്ടാം ഡോസ് 58.6 ശതമാനം പേര് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ വാക്സിനേഷന് സന്നദ്ധരാക്കാന്‍ ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഡിസംബര്‍ രണ്ടിന് വൈകീട്ട് നാലിന് കളക്ടറേറ്റില്‍ നടക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.
ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വിവരശേഖരണ നിരക്ക് 1.25 മാത്രമാണെന്നും ഇത് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സമ്പര്‍ക്ക വിവരശേഖരണം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ചട്ടഞ്ചാല്‍ പി.എച്ച്.സി യുടെ പരിധിയില്‍ വാക്സിനേഷന് സ്വീകരിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ഡാറ്റാ എന്‍ട്രി നടത്തിയിട്ടില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവാത്തതില്‍ നടപടി സ്വീകരിക്കുന്നതിന് വാക്സിന് സ്വീകരിച്ചവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം വിശദവിവരങ്ങള്‍ ആവശ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു. രണ്ടു ദിവസത്തിനകം ആവശ്യമായ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസറോട് നിര്‍ദേശിച്ചു.
കേന്ദ്ര സര്‍വ്വകലാശാല പൂര്‍ണ്ണമായും പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കോവിഡ് പരിശോധന ലാബ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ജനറേറ്റര്‍ സജ്ജീകരിക്കുന്നതിന് എസ്.ഡി.ആര്.എഫി ല്‍ നിന്ന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച വിഷയം അടുത്ത ഡി.ഡി.എം.എ യോഗത്തില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ടാറ്റാ കോവിഡ് ആശുപത്രിയില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ ഭക്ഷണ വിതരണത്തിന് ആവശ്യമായ തുക തുടര്‍ന്നും എസ്.ഡി.ആര്.എഫില്‍ നിന്ന് അനുവദിക്കും.