വിദേശ വിമാന സർവീസുകൾ 15 ന് തുടങ്ങില്ല; തീരുമാനം മാറ്റിയത് ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി
ന്യൂഡൽഹി: വിദേശ വിമാന സർവീസുകൾ ഈ മാസം 15 മുതൽ പുനരാരംഭിക്കുമെന്ന ഉത്തരവ് ഇന്ത്യ മരവിപ്പിച്ചു. ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം തീരുമാനം മാറ്റിയത്. പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിന് പിന്നാലെയാണ് സിവിൽ വ്യോമ മന്ത്രാലയം ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്.വിമാനസർവീസുകൾ പുനരാരംഭിക്കുന്ന തീരുമാനത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എതിർത്തിരുന്നു. വിമാന സർവീസുകൾ നിറുത്തി വയ്ക്കാൻ വൈകിയതാണ് കൊവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിമാന സർവീസുകൾ പുനരാംരഭിക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് രാജ്യം പ്രതിരോധ നടപടികൾ കടുപ്പിക്കുന്നത്.