ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചു; മിലിട്ടറി ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
പണത്തിന് പുറമെ ഉദ്യോഗാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സംഘം കൈക്കലാക്കി
പുനെ: ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച സംഘം പിടിയിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരെയാണ് പിംപ്രി ചിഞ്ച്വാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാർത്ഥികളിൽ നിന്നും ജോലി വാഗ്ദാനം നൽകി വൻ തുകയാണ് ഈ സംഘം തട്ടിയെടുത്തത്.
റിക്രൂട്ട്മെന്റ് പരീക്ഷയിൽ ചോദ്യ പേപ്പർ ചോർന്നു എന്ന് കാണിച്ച് മിലിട്ടറി ഇന്റലിജൻസിലെ സതേൺ കമാന്റ്, പിംപ്രി ചിഞ്ച്വാദ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് തട്ടിപ്പുസംഘത്തെ അറസ്റ്റ് ചെയ്യാൻ ഇടയായത്. പണത്തിന് പുറമെ ഉദ്യോഗാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഈ സംഘം ആവശ്യപ്പെടുകയും കൈവശംവെക്കുകയും ചെയ്തിരുന്നു.
പ്രവീൺ പാട്ടിൽ, മഹേഷ് വൈദ്യ, അനിൽ ചവാൻകെ, നാഷിക്, തുഷാർ ഡുക്രെ എന്നിവരെയാണ് ചിഞ്ച്വാദ് പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരിൽ അനിൽ ചവാൻകെ മിലിട്ടറി ഹാവിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇയാളുടെ തന്റെ പദവി ഉപയോഗിച്ച് മെഡിക്കൽ പരിശോധനയിൽ വിജയിപ്പിക്കാമെന്ന് ഉദ്യോഗാർഥികൾക്ക് വാഗ്ദാനം നൽകിയിരുന്നു.
നവംബർ 10 ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ അന്വേഷണത്തിന് ശേഷം ചൊവ്വാഴ്ചയാണ് വിവരങ്ങൾ പുറത്ത് വിട്ടതെന്ന് പൊലീസ് അറിയിച്ചു.
11 യഥാർഥ സർട്ടിഫിക്കറ്റുകളും എച്ച്.എസ്.സി, എസ്.എസ്.സി സർട്ടിഫിക്കറ്റുകളും ഏഴ് വ്യാജ കോൾ ലെറ്ററുകളും നാല് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.