തൃക്കാക്കര നഗരസഭയിലെ തമ്മിലടി; രണ്ട് കൗൺസിലർമാർ അറസ്റ്റിൽ, സംഘർഷത്തിൽ പങ്കുളള ചിലർ മുങ്ങിയെന്ന് വിവരം
കൊച്ചി: തൃക്കാക്കര നഗരസഭയിൽ കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിനിടെയുണ്ടായ തമ്മിലടിയിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ സി.സി വിജുവിനെയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിലറുമായ എം.ജെ ഡിക്സണെയുമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ സി.സി വിജുവിനെ ഇന്ന് പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ പങ്കുളള മറ്റ് ചില കൗൺസിലർമാരുടെ വീട്ടിൽ പൊലീസെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അറസ്റ്റ് ഭയന്ന് ഇവർ മുങ്ങിയതായാണ് വിവരം. ഓണക്കാലത്ത് തൃക്കാക്കര നഗരസഭയിലുണ്ടായ പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരെ പ്രതിപക്ഷം ശക്തമായ സമരം നടത്തുകയായിരുന്നു. സംഭവത്തിൽ അജിതയെ പാർട്ടി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നഗരസഭാദ്ധ്യക്ഷയുടെ മുറിയിൽ പൂട്ട് നന്നാക്കാൻ ചെലവായ തുക പൂട്ട് കുത്തിപ്പൊളിച്ചവരിൽ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധമാണ് തർക്കത്തിലേക്കും തമ്മിലടിയിലേക്കുമെത്തിയത്.പ്രതിപക്ഷ ആവശ്യത്തിനൊപ്പം ഭരണപക്ഷമായ യുഡിഎഫിലെ മുസ്ളീംലീഗിലെ കൗൺസിലർമാരും കൂടി ചേർന്നതോടെ നഗരസഭാദ്ധ്യക്ഷ അജിതാ തങ്കപ്പനെ തടയാൻ ശ്രമിക്കുകയും ഇതിനിടെ വനിതാ കൗൺസിലറുടെ വസ്ത്രം കീറുകയും ചെയ്തു. സ്ത്രിത്വത്തെ അപമാനിക്കാൻ ശ്രമിച്ചതുൾപ്പടെ കൗൺസിലർമാർ പരാതി നൽകി. ഇതോടെയാണ് അറസ്റ്റുണ്ടായത്. കൂടുതൽ പേർ അറസ്റ്രിലാകുമെന്നാണ് സൂചന. സ്ഥലത്ത് പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. നഗരസഭാദ്ധ്യക്ഷ അജിതാ തങ്കപ്പനുൾപ്പടെ കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.