അശ്ലീല വീഡിയോ കേസ്സ്; കോടതി വാദം നടക്കുന്നതിനിടെ സ്ക്രീനില്‍ അര്‍ദ്ധനഗ്നന്റെ സാന്നിധ്യം
ബെംഗളൂരു: വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെ അര്‍ദ്ധ നഗ്നനായ വ്യക്തിയുടെ സാന്നിധ്യം വീഡിയോയില്‍ പതിഞ്ഞു. കര്‍ണാടക ഹൈക്കോടതിയില്‍ ചൊവ്വാഴ്ച്ച മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി ഉള്‍പ്പെട്ട അശ്ലീല വീഡിയോ കേസ്സിന്റെ വാദം നടക്കുന്നതിനിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്നു കോടതി ഇയാളെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസ്സിന്റെ വാദം കേട്ടത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ്. പീഡനത്തിനിരയായെന്നു പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അഭിഭാഷക ഇന്ദിര ജയ്സിങാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേസ്സിന്റെ വാദം നടക്കുന്നതിനിടെ ഒരാള്‍ കുളിക്കുന്ന ദൃശ്യമാണ് വീഡിയോ കോണ്‍ഫറന്‍സിന്റെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.
20 മിനിറ്റോളം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായി അറിയിച്ചു. ഇയാളുടെ പേരില്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അയാള്‍ കാട്ടിയത് കോടതിയലക്ഷ്യവും ലൈംഗികാതിക്രമവുമാണെന്നു ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു.