മുടി സ്ട്രെയിറ്റ് ചെയ്ത് സാരിയുടുത്ത് വരൂ, കൊല്ലത്തെ സർക്കാർ ഉദ്യോഗസ്ഥന്റെ സൗന്ദര്യ വർണനയിൽ പൊറുതിമുട്ടിയ ജീവനക്കാരി പരാതി നൽകി
കൊല്ലം: ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ കീഴ്ജീവനക്കാരിയെ അപമാനിച്ചതായി പരാതി. വകുപ്പിലെ അസി. എക്സിക്യുട്ടീവ് എൻജിനിയറിനെതിരെയാണ് സെക്ഷൻ ഓഫീസിലെ ജീവനക്കാരി ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. അഡിഷണൽ ചീഫ് സെക്രട്ടറി പരാതി കമ്മിഷണർക്ക് കൈമാറിയതിനെ തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും വകുപ്പുതല നടപടികളും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.ജീവനക്കാരിയുടെ പരാതിയിൽ പറയുന്നത് : താൻ സെക്ഷൻ ഓഫീസിൽ സ്ഥലം മാറി എത്തിയത് മുതൽ അസി. എക്സിക്യുട്ടിവ് എൻജിനീയർ മറ്റേതെങ്കിലും ഓഫീസലേക്ക് സ്ഥലം മാറിപ്പോകാൻ നിർബന്ധിക്കുകയാണ്. ശരീരത്തെയും നിറത്തെയും കുറിച്ച് അശ്ലീല പദപ്രയോഗങ്ങൾ നടത്തും. മുടി സ്ട്രെയിറ്റ് ചെയ്ത് സാരിയുടുത്ത് കൊണ്ട് ഓഫീസിൽ വരണമെന്നും അദ്ദേഹം പി.എസ്.സി ഇന്റർവ്യു ബോർഡിൽ ഉണ്ടായിരുന്നെങ്കിൽ തന്നെപ്പോലുള്ളവരെ സർവ്വീസിൽ എടുക്കില്ലെന്നും പറഞ്ഞു. സഹപ്രവർത്തകരോട് സംസാരിച്ചാൽ മറ്റുള്ളവരുടെ മുന്നിൽവച്ച് അവിഹിത ബന്ധമാണോയെന്ന് ചോദിക്കും. ഒരിക്കൽ അസി. എക്സിക്യുട്ടിവ് എൻജിനീയർ അലപ്പുഴയലേക്ക് പോകാനാരുങ്ങിയപ്പോൾ താനും കാറിൽ ഒപ്പം ചെല്ലാൻ മറ്റൊരു ജീവനക്കാരി വഴി അര മണിക്കൂറോളം നിർബന്ധിച്ചു. ചെല്ലാതിരുന്നതിന്റെ പേരിൽ ഏറെക്കാലം മാനസികമായി പീഡിപ്പിച്ചു.ഓഫീസ് രഹസ്യങ്ങൾ മറ്റുള്ളവർക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് പറഞ്ഞ് ആക്രോശിച്ചിട്ടുണ്ട്. ലൈംഗിക ചുവയുള്ള തരത്തിൽ നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ചീഫ് എൻജിനിയർ, എക്സിക്യുട്ടിവ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ താൻ പറയുന്നതേ കേൾക്കുവെന്ന് സ്ഥിരമായി പറയാറുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.അസി. എക്സിക്യുട്ടീവ് എൻജിനീയർക്കെതിരെ ഇറഗേഷൻ വകുപ്പ് ചീഫ് എൻജിനീയർക്ക്(അഡ്മിനിസ്ട്രേഷൻ) പരാതി കൊടുത്തെങ്കിലും വാങ്ങിയില്ലെന്ന് ജീവനക്കാരി പറഞ്ഞു. പിന്നീടാണ്, ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി കൊടുത്തത്. ഈ ഉദ്യോഗസ്ഥനെതിരെ മറ്റ് പലരും സമാനമായ പരാതി നൽകിയിട്ടുണ്ടെന്നും ജീവനക്കാരി പറയുന്നു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ തയ്യാറായില്ല.