ജാഗ്രത വേണം, ജവാദ് വരുന്നു: ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ശക്തമാകുമെന്ന് സൂചന
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ മൂന്നോടെ മദ്ധ്യബംഗാൾ ഉൾക്കടലിൽ എത്തി ജവാദ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറും. ജവാദ് ചുഴലിക്കാറ്റ് കേരളത്തിൽ അധികം സ്വാധീനം ചെലുത്തില്ലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നിർദേശിച്ച പേരുകളിൽ നിന്നാണ് ജവാദ് എന്ന പേര് തെരഞ്ഞെടുത്തത്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്ന ചുഴലിക്കാറ്റിന് നൽകാനിരുന്നതാണ് ജവാദ് എന്ന പേര്. എന്നാൽ ന്യൂനമർദ്ദം ദുർബലമായതിനാൽ ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നില്ല. ഇത്തവണയും ഇതിന് സാദ്ധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരളത്തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.