കെ-റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി യു.ഡി.എഫ്
സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി യു.ഡി.എഫ്. യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിവിധ വിഷയങ്ങളിൽ സർകാരിനെതിരായ സമരം ശക്തമാക്കാൻ ഒരുങ്ങി യു.ഡി.എഫ്. കെ-റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം നടത്തുക. ഡിസംബർ 18ന് സെക്രടെറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യു.ഡി.എഫ് തീരുമാനം. സെക്രട്ടറിയറ്റിലേക്കും വിവിധ ജില്ലാ കലക്ട്രേറ്റുകളിലേക്കും മാർച്ച് നടത്തും. ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികളും തിരുവനന്തപുരത്ത് ചേർന്ന മുന്നണി യോഗത്തിൽ ചർച ചെയ്തു.
അട്ടപ്പാടിയിലെ നവജാതശിശു മരണത്തിലും സമരം നടത്തും. ഡിസംബർ 6ന് യു.ഡി.എഫ് നേതാക്കൾ അട്ടപ്പാടി സന്ദർശിക്കും. നവജാതശിശു വിദഗ്ധൻ ഇല്ലാത്തതുകൊണ്ടും വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതും കാരണം ഗർഭിണികളും നവജാത ശിശുക്കളും ഉൾപ്പടെ ചികിത്സയ്ക്ക് ചുരമിരങ്ങേണ്ട അവസ്ഥയാണ് അട്ടപ്പാടിയിലുളളതെന്നും കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി പേരിന് മാത്രമായതിനാൽ ഇവിടെ സ്ത്രീകളിൽ പോഷകാഹാര കുറവ് വലുതായുണ്ടെന്നും യോഗം പ്രസ്താവിച്ചു. ഇത് ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനെല്ലാം എതിരെയാണ് സമരമെന്ന് നേതാക്കൾ അറിയിച്ചു.
കെ-റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തില്ല. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.