കേരളത്തിന് അഭിമാന നിമിഷം, നാവികസേന മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു
ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. 2024വരെ അദ്ദേഹം പദവിയിൽ തുടരും.1962 ഏപ്രിൽ 12ന് തിരുവനന്തപുരം നന്തൻകോടാണ് ജനനം. തിരുവനന്തപുരം മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പത്താം ക്ളാസും ആർട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പാസായ ശേഷം 1979ൽ എൻ.ഡി.എയിൽ പ്രവേശനം നേടി. 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്.യു.എസ് നേവൽ വാർ കോളേജ്, ബ്രിട്ടണിലെ റോയൽ കോളേജ് ഒഫ് ഡിഫൻസ് എന്നിവിടങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. ലണ്ടനിലെ കിംഗ് കോളേജിൽ നിന്ന് ബിരുധാനന്തര ബിരുദവും മുംബയ് സർവകലാശാലയിൽ നിന്ന് എംഫിലും നേടി.ഐ.എൻ.എസ് വിരാട്, ഐ.എൻ.എസ് രണവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരമവിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. കല നായരാണ് ഭാര്യ. മകൾ അഞ്ജന നായർ.