വിഷാദ രോഗം മൂർച്ഛിച്ചയാൾ കൊന്നത് അഞ്ച് പേരെ; കൊലക്കത്തിയ്ക്ക് ഇരയായത് സ്വന്തം മക്കളും പൊലീസുകാരനും
അഗർത്തല: വിഷാദ രോഗം മൂർച്ഛിച്ചയാൾ അഞ്ച് പേരെ വെട്ടിക്കൊന്നു. സ്വന്തം മക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയുമുൾപ്പടെ അഞ്ച് പേരെയാണ് പ്രതി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ത്രിപുരയിലെ ഖോവേയിലായിരുന്നു സംഭവം. കേസിൽ പ്രദീപ് ദേവ്രായി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതി കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും, ഇതുമൂലം മറ്റുള്ളവരോട് സംസാരിക്കുന്നത് പ്രദീപ് അവസാനിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൺവെട്ടി ഉപയോഗിച്ച് പ്രതി കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് പെൺമക്കളേയും മൂത്ത സഹോദരനെയും വെട്ടിക്കൊന്നു. ഭാര്യ മിനിയേയും ആക്രമിച്ചു. ഇവർ ഇപ്പോൾ ചികിത്സയിലാണ്.കുടുംബാംഗങ്ങളെ ആക്രമിച്ച ശേഷം മൺവെട്ടിയുമായി വീടിന് പുറത്തിറങ്ങിയ പ്രദീപ് അയൽവീടുകളിലും ഓടിക്കയറാൻ ശ്രമിച്ചു. അയൽവാസികൾ വാതിലടയ്ക്കുകയായിരുന്നു. ഈ സമയത്ത് സമീപത്ത് എത്തിയ ഓട്ടോറിക്ഷയേയും ഇയാൾ ആക്രമിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരെ മൺവെട്ടികൊണ്ട് വെട്ടി. ഇതിൽ ഒരാൾ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റേയാൾ ചികിത്സയിലാണ്.സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സത്യജിത്ത് മാലിക് എന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.