കോഴിക്കോട്: പൗരത്വ ഭേദഗതി ബിൽ അടക്കംമുസ്ലീങ്ങൾ നേരിടുന്ന ഗൗരവ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമസ്ത വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം മുസ്ലിംലീഗ് തടഞ്ഞു. എ പി സുന്നി വിഭാഗത്തെയടക്കം ഉൾക്കൊള്ളിച്ച് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) വിളിച്ച യോഗമാണ് ഇന്നലെ അവസാന നിമിഷം ഒഴിവാക്കിയത്. ഇതിൽ പങ്കെടുക്കേണ്ട സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളോട് വിട്ടുനിൽക്കാൻ ഉന്നത ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. തങ്ങളില്ലെന്ന് വന്നതോടെ തുടങ്ങാൻ രണ്ട് മണിക്കൂർ ശേഷിക്കവെ സമസ്ത നേതാക്കൾ യോഗം മാറ്റി.
തിങ്കളാഴ്ച പകൽ മൂന്നിന് കോഴിക്കോട്ടായിരുന്നു യോഗം. ഹൈദരലി തങ്ങൾ വരില്ലെന്നും യോഗം നടത്തരുതെന്നാണ് താൽപ്പര്യമെന്നും പകൽ ഒന്നിനാണ് സമസ്തയെ അറിയിച്ചത്. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ, വൈസ് പ്രസിഡന്റും ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി തങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചാണ് യോഗം നിശ്ചയിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അടക്കമുള്ള മുഴുവൻ മുസ്ലിം സംഘടനാ നേതാക്കളെയും ജിഫ്രി തങ്ങൾ ക്ഷണിച്ചു. പൗരത്വബില്ലിനെതിരെ കൂട്ടായ പ്രതിഷേധം, നിയമ നടപടി ഇവ ചർച്ചചെയ്യുകയായിരുന്നു ലക്ഷ്യം.
രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പ്രതിഷേധ സമ്മേളനവും സമസ്ത ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഞായറാഴ്ച രാത്രി പ്രമുഖ സമസ്ത നേതാവിനെ വിളിച്ച് യോഗം നടത്തുന്നതിലുള്ള അതൃപ്തി അറിയിച്ചു. പങ്കെടുക്കാൻ സാധ്യതയുള്ള നേതാക്കളെ പിന്തിരിപ്പിക്കാനും ലീഗ് ശ്രമിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.