വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി, ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി
ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മൂന്ന് നിയമങ്ങളും പിൻവലിക്കാനുള്ള ഒറ്റവരി ബിൽ സഭയിൽ അവതരിപ്പിച്ചത്. . ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അത് അനുവദിച്ചില്ല. ഇതോടെ സഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ടുമണിവരെ നിറുത്തിവച്ചിരിക്കുകയാണ്.ഇന്നുരാവിലെ സഭാസമ്മേളനത്തിന്റെ തുടക്കത്തിൽ ഇത്തവണത്തേത് സുപ്രധാന സമ്മേളനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജനഹിത തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യതാത്പര്യങ്ങൾ അനുസരിച്ചുള്ള ചർച്ചകൾ വേണം. എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണ്.എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാം. സർക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയർത്താം. എന്നാൽ പാർലമെന്റിന്റെ അന്തസ് കാക്കണം. ബഹളംവയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിനോടും സ്പീക്കറോടുമുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും മോദി ആവശ്യപ്പെട്ടു.