ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബയിൽ എത്തിയ ആൾക്ക് കൊവിഡ്, കടുത്ത ആശങ്ക, നിയന്ത്രണം കടുപ്പിച്ചിട്ടും ഒമൈക്രോൺ പടരുന്നു
മുംബൈ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഡോംബിവ്ലി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും ഒമൈക്രോൺ വേരിയന്റാണോ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹിയിലെത്തിയ ഇയാൾ പിന്നീട് മുംബയിലേക്ക് പോവുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ബന്ധുക്കളെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും അവരെല്ലാം നെഗറ്റീവാണ്. രോഗിയുമായി ബന്ധമുളള മറ്റുള്ളവരെയും ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും.കഴിഞ്ഞ ശനിയാഴ്ച ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ രണ്ടുപേർ കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ ബാധിച്ചത് ഒമൈക്രോൺ അല്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇന്ത്യയിൽ ഇതുവരെ ആർക്കും ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, ഒമൈക്രോൺ കൂടുതല് രാജ്യങ്ങളിലേക്ക് പടരുകയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡിലെത്തിയ പതിമൂന്ന് പേരിൽ രോഗം കണ്ടെത്തി. ഇതോടെ നെതർലൻഡിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.കാനഡയിൽ രണ്ട് പേർക്കും, ഓസ്ട്രിയയിൽ ഒരാൾക്കും ഒമൈക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിലും മൂന്ന് പേരിൽ രോഗം കണ്ടെത്തി. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കടകളിലും പൊതുവാഹനങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. ബംഗ്ലാദേശ്, ശ്രീലങ്ക, തായ്ലൻഡ്, ഹംഗറി, പാകിസ്ഥാൻ, മൗറീഷ്യസ്, ഇൻഡോനേഷ്യ, സൗദി അറേബ്യ, മാലദ്വീപ് എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ വിമാനങ്ങൾ റദ്ദാക്കി. ഒരു കേസ് റിപ്പോർട്ട് ചെയ്തതോടെ ഇസ്രയേൽ രാജ്യാതിർത്തികൾ അടച്ചു. ഇന്ത്യയും സുരക്ഷാ നടപടികൾ കൂടുതൽ കർശമാക്കിയിട്ടുണ്ട്.