ഇതൊന്നും അത്ര നല്ല കുപ്പി അല്ലാട്ടോ, റസ്റ്റ് ഹൗസിൽ മദ്യപാനം പാടില്ലെന്നറിയില്ലേ? എന്താ നിങ്ങൾക്ക് ബാധകമല്ലേ’; ക്ഷുഭിതനായി മന്ത്രി റിയാസ്
കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു മന്ത്രിയെത്തിയത്. പരിശോധനയ്ക്കിടെ മദ്യകുപ്പികളും അദ്ദേഹം കണ്ടെത്തി.പരിശോധനയുടെ ലൈവ് വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.റസ്റ്റ് ഹൗസിലെ ജീവനക്കാരനോട് മന്ത്രി ദേഷ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ‘ഇത്രയധികം കുപ്പി ഇവിടെ വരാൻ എന്താ കാരണം. മദ്യ കുപ്പിയല്ലേ അത്? ഇതൊന്നും അത്ര നല്ല കുപ്പി അല്ലാട്ടോ. റസ്റ്റ് ഹൗസിൽ മദ്യപാനം പാടില്ലെന്നറിയില്ലേ? എന്താ നിങ്ങൾക്ക് ബാധകമല്ലേ.’എന്നാണ് മന്ത്രി ചോദിക്കുന്നത്.സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നും മന്ത്രി പറഞ്ഞു.