കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം പാലം 4.20 കോടിയുടെ സാങ്കേതികനുമതിയായി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂർ- കരിന്തളം ,കോടോം-ബേളൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന കിളിയളം -വരഞ്ഞൂർ-ബാനം കമ്മാടം റോഡിൻ്റെ നിലവിൽ 25 കോടി രൂപക്ക് നടന്നു വരുന്ന മെക്കാടം ടാറിംഗ് പ്രവൃത്തി പുരോഗമിച്ചു വരികയാണ്. കിളിയളത്തുള്ള പഴയ പാലം പുനർനിർമ്മിക്കുന്നതിന് ഭരണാനുമതി ഫെബ്രുവരി മാസത്തിൽ തന്നെ ലഭ്യമായതാണ്. ഇപ്പോൾ പാലം നിർമ്മാണത്തിന് ഉണ്ടായിരുന്ന നൂലാമാലകൾ പരിഹരിച്ച് 4.20 രൂപക്കുള്ള സാങ്കേതിക അനുമതി കൂടി ലഭ്യമായി. ടെണ്ടർ നടപടികൾ വളരെ വേഗത്തിൽ സ്വീകരിച്ച് പാലം നിർമ്മാണ പ്രവത്തനങ്ങൾ വൈകാതെ തുടങ്ങാൻ കഴിയുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. പഴയ പാലത്തിൽ മഴക്കാലത്ത് വെള്ളം കയറി യാത്രക്ക് പോലും തടസപ്പെടുന്നത് ഇതോടെ പരിഹാരമാകും. നിലവിലുള്ള പഴയപാലത്തെക്കാൾ 5 മീറ്ററിലധികം ഉയരവും 3 സ്പാനുകളുമുള്ള പുതിയ പാലത്തിൻ്റെ നിർമ്മാണത്തോടെ കിളിയളത്തെ കയറ്റവും ഗണ്യമായി കുറയുകയും ചെയ്യും.15 പുതിയ കലുങ്കുകളും പാർശ്വഭിത്തികളും ആധുനിക സിഗ്നൽ സംവിധാനങ്ങളോടെയും കിളിയളം – വരഞ്ഞൂർ – ബാനം -കമ്മാടം റോഡ് മെക്കാഡം ടാറിങ്ങും കിളിയളം പാലത്തിൻ്റെ പുനർ നിർമ്മാണവും പൂർത്തിയാകുന്നതോടെ നീലേശ്വരത്തു നിന്നും പരപ്പയിലേക്കും ബാനം തുടങ്ങിയ പ്രദേശങ്ങളിലേക്കും കിലോമീറ്ററുകളുടെ കുറവാണ് ഉണ്ടാകുന്നത്. റോഡിൻ്റെയും പാലത്തിൻ്റെയും നിർമ്മാണത്തിന് ഇരുപത്തി ഒമ്പതരകോടി രൂപയാണ് കിഫ്ബി വഴി ചെലവാക്കുന്നത്.നീലേശ്വരം – എടത്തോട് റോഡിൻ്റെ പ്രവൃത്തി 30.6.2022 ന് പൂർത്തീകരിക്കുന്നതരത്തിൽ സപ്ലിമെൻററി എഗ്രിമെൻറ് വെച്ച് പുനരാരംഭിക്കുന്നതിനുള്ള അംഗീകാരവും കിഫ്ബിയിൽ നിന്നും ലഭ്യമായിട്ടുണ്ട്. പ്രവൃത്തി നിർവ്വഹണത്തിലെ പരാതി മൂലം കരാർ റദ്ദാക്കിയ ഇട്ടമ്മൽ പെയ്യക്കര റോഡിൻ്റെ റീ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതോടെ പ്രസ്തുത റോഡിൻ്റെയും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ സാധിക്കുന്നു. പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയാസമാണ് ഇക്കാലയളവിൽ ഉണ്ടായത് എന്നത് ഗൗരവമായി കാണുന്നു. ഇ .ചന്ദ്രശേഖരൻ എം.എൽ.എ