നാല് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികൾ; മന്ത്രി രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും
പാലക്കാട്: പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. പ്രദേശത്ത് ശിശുമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം. അഗളിയിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി പങ്കെടുക്കും. ശിശു മരണങ്ങൾ നടന്ന ഊരുകളും മന്ത്രി സന്ദർശിക്കും.അട്ടപ്പാടിയിൽ ഇന്നലെ മാത്രം മൂന്ന് കുട്ടികൾ മരിച്ചു.നാല് ദിവസത്തിനുള്ളിൽ വ്യത്യസ്ത പ്രായക്കാരായ അഞ്ച് കുഞ്ഞുങ്ങളാണ് മരിച്ചത്.അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഔദ്യോഗിക കണക്ക് പ്രകാരം അട്ടപ്പാടിയിൽ ഈ വർഷം ഇതുവരെ പത്തിലധികം കുട്ടികൾ മരിച്ചു. ആവശ്യത്തിനുളള ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു.