മാസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ആരോപണവുമായി സഹോദരൻ
പാലക്കാട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്ല (19) ആണ് മരിച്ചത്. മാങ്കുറുശ്ശി കക്കോട് ആണ്. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്ല ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ അഫ്സൽ ആരോപിച്ചു. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ- കമുറുലൈസ ദമ്പതികളുടെ മകളാണ് നഫ്ല.
പത്ത് മാസം മുൻപാണ് നഫ്ലയും മുജീബും വിവാഹിതരായത്. വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചപ്പോഴാണ് നഫ്ലയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.