വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യക്ക് മർദനം; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിലായി. വിഴിഞ്ഞം സാജനാണ് അറസ്റ്റിലായത്.
തന്നെയും മൂന്ന് മക്കളെയും ഭർത്താവ് ക്രൂരമായ മർദിച്ചുവെന്ന് വീട്ടമ്മ പറഞ്ഞു. ഭർത്താവ് മദ്യപാനിയാണെന്നും നാലു തവണ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഭാര്യ പറയുന്നു.
ബന്ധപ്പെട്ട പരിശോധനകൾ പൂർത്തിയാക്കിയ വീട്ടമ്മ അടുത്താഴ്ച എറണാകുളത്ത് വൃക്ക നൽകാൻ പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് വൃക്ക വിൽപന സജീവമാണെന്ന വാർത്തകൾ വരുന്നത്. ഇതോടെ ജനപ്രതിനിധികൾ അടക്കമുള്ളവർ ബോധവത്കരണം നടത്തുകയും വീട്ടമ്മ വൃക്ക നൽകാനുള്ള തീരുമാനത്തിൽനിന്ന് പിൻമാറുകയും ചെയ്തു.
ഇതിനുശേഷം ഇവർക്ക് വീട്ടിൽ ക്രൂരമായ മർദനമാണ് നേരിടേണ്ടി വന്നത്. തുടർന്ന് സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുകയും വിഴിഞ്ഞം പൊലീസ് കേസെടുക്കുകയുമായിരുന്നു.