ആന്റണി പെരുമ്പാവൂരടക്കമുള്ള നിർമാതാക്കളുടെ ഓഫീസിൽ ആദായ നികുതി റെയ്ഡ്, പരിശോധന ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട്
കൊച്ചി: മൂന്ന് മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്രണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒ ടി ടി പ്ളാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കൊച്ചി ഇൻകം ടാക്സിന്റെ കീഴിലുള്ള ടി ഡി എസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. ഉച്ചയോടെ ആരംഭിച്ച പരിശോധന ഇതുവരെയായും അവസാനിച്ചിട്ടില്ല.അടുത്ത കാലത്ത് ഈ മൂന്ന് നിർമാതാക്കളുടേയും ചിത്രങ്ങൾ ഒ ടി ടി പ്ളാറ്റ്ഫോമിലേക്ക് നൽകിയിരുന്നു. 150 കോടിയോളം രൂപയാണ് ചില ചിത്രങ്ങൾക്ക് ലഭിച്ച വരുമാനം എന്ന രീതിയിൽ വാർത്തകളുണ്ടായിരുന്നു. ഈ ചിത്രങ്ങളുടെയെല്ലാം ടി ഡി എസ് കൃത്യമായി അടച്ചിട്ടുണ്ടോ, കൃത്യമായ മാർഗങ്ങളിൽ കൂടിയാണോ പണമിടപാടുകൾ നടന്നത്, ഈ നിർമാതാക്കളുടെ സാമ്പത്തിക സ്രോതസ് ഏതൊക്കെ എന്നിവയാണ് നിലവിൽ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.നിർമാതാക്കളുടെ ടി ഡി എസുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പതിവായി പരിശോധനകൾ നടത്താറുണ്ട്. എന്നാൽ അത്തരത്തിൽ പതിവായി നടത്തുന്ന പരിശോധന പോലെയല്ല ഇത്തവണത്തെ റെയ്ഡെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിർമാതാക്കൾക്ക് പല രീതികളിലൂടെയുമാണ് വരുമാനം വരുന്നതെന്നും അവയുടെയെല്ലാം ടി ഡി എസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതായുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥർ എത്തിയിട്ടില്ല.ചിത്രീകരണം പൂർത്തിയാക്കിയ 120-ഓളം മലയാള സിനിമകൾ റിലീസിനായി തയ്യാറായി നിൽക്കുന്നുണ്ട്. തീയേറ്ററുകൾ പതിയെ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും പല സിനിമകളും ഒടിടി റിലീസിലേക്ക് പോയേക്കും എന്ന സൂചനയുണ്ട്.