കേരള സന്തോഷ് ട്രോഫി ടീമിനെ ജിജോ ജോസഫ് നയിക്കും, മുൻ ഗോകുലം താരങ്ങളായ രാജേഷും, അർജുൻ ജയരാജും ടീമിൽ
കൊച്ചി: കേരളത്തിന്രെ സന്തോഷ് ട്രോഫി ടീമിനെ എസ് ബി ഐയുടെ ജിജോ ജോസഫ് നയിക്കും. മുമ്പ് ആറ് സന്തോഷ് ട്രേഫികളിൽ കേരളത്തിനു വേണ്ടി ബൂട്ട് അണിഞ്ഞ ജിജോ തന്നെയാണ് ടീമിലെ സീനിയർ താരം. തൃശൂർ സ്വദേശിയാണ്. യുവതാരങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രഖ്യാപിച്ച ടീമിലെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്. ലോക റെയിൽവേ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി എസ് രാജേഷ് ആയിരിക്കും മുന്നേറ്റനിരയെ നയിക്കുക. മൂന്ന് തവണ കർണാടകയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ മത്സരിച്ച പരിചയസമ്പത്തോടെയാണ് രാജേഷ് ഇത്തവണ കേരളത്തിനായി ബൂട്ട് അണിയുന്നത്.മുൻ ഗോകുലം കേരളാ താരവും കേരളാ ബ്ളാസ്റ്റേഴ്സിന്റെ റിസർവ് താരവുമായിരുന്ന അർജുൻ ജയരാജും ഇത്തവണത്തെ കേരള ടീമിൽ അംഗമാണ്. ഗോൾ വല കാക്കാൻ കേരളാ യുണൈറ്റഡ് എഫ് സി താരവും കണ്ണൂർ സ്വദേശിയുമായ മിഥുനായിരിക്കും നറുക്ക് വീഴുക. ടീമിലെ മുതിർന്ന താരങ്ങളിലൊരാൾ കൂടിയാണ് 28കാരനായ മിഥുൻ. ഇതിന് മുമ്പ് അഞ്ച് സന്തോഷ് ട്രോഫികളിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള മിഥുനോടൊപ്പം കെ എസ് ഇ ബി യുടെ ഹജ്മൽ രണ്ടാം ഗോൾകീപ്പറായുണ്ട്. 22 അംഗ ടീമിൽ 15 പേർ പുതുമുഖങ്ങളാണ്. മുഹമ്മദ് സഹീഫ്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് അഫ്സൽ, ഷിഖിൽ എൻ എസ്, മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിലെ അണ്ടർ- 21 താരങ്ങൾ. നിലവിലെ ചാമ്പ്യന്മാരാണ് കേരള.ടീം: ഗോൾ കീപ്പർ: മിഥുൻ വി, ഹജ്മൽ; പ്രതിരോധ നിര: സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ്, മുഹമ്മദ് ബാസിത് ; മദ്ധ്യനിര: മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖിൽ പി, സൽമാൻ കെ, ആദർശ് എം, ബുജൈർ വി, നൗഫൽ പി എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ എൻ എസ്; മുന്നേറ്റ നിര: ജെസിൻ ടി കെ, എസ് രാജേഷ്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് അഫ്സൽ.