പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (79) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘അക്കല്ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന് മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്.
കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ തൂലിക ചലിപ്പിച്ചത്. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ പങ്കാളിയായി. ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമായിരുന്നു അദ്ദേഹം എഴുതിയത്. ഇതില്‍ വേഷമിടുകയും ചെയ്തു. ഈ നാടകം ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.
രണ്ടുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി പി ഭാസ്കരന് ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.