മടിക്കൈയിൽ പാതയോര ശുചീകരണവും പ്ലാസ്റ്റിക് മുക്ത പഞ്ചായത്തും പ്രഖ്യാപനത്തിൽ ഒതുങ്ങി.
കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് മുക്ത പഞ്ചായത്താവുമെന്ന പ്രഖ്യാപനം നടത്തുമ്പോഴും പാതയോരങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് പറയുമ്പോഴും നാടെങ്ങും പ്ലാസ്റ്റിക് മാലിന്യങ്ങളും, മറ്റു ജൈവ – അജൈവ മാലിന്യങ്ങളും നിറയുന്നതായി പരാതി. മടിക്കൈ അമ്പലത്തുകര വില്ലേജ് ഓഫീസിൻ്റെ തൊട്ടു താഴെ വലത് വശത്താണ് പ്ലാസ്റ്റിക്കും ഭക്ഷണാവശിച്ചങ്ങളും അലക്ഷ്യമായി നിക്ഷേപിക്കുന്നത് പരിസരവാസികളുടേയും, തൊട്ടടുത്ത സ്കൂൾ കുട്ടികളുടേയും ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നു. പരിസരത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് മാലിന്യ നിക്ഷേപം നടത്തുന്നതെന്ന് പരിസരവാസികൾ പറയുന്നു. മഴവെള്ളത്തിൽ ഈ ജൈവ അജൈവ മാലിന്യങ്ങളെല്ലാം തൊട്ടുതാഴത്തെ പെരിയാങ്കോട്ട് ഭഗവതിക്ഷേത്ര കാവിലേക്കാണ് എത്തുന്നത്.പഞ്ചായത്തധികൃതരോ ആരോഗ്യ വകുപ്പോ ഇതിനെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. വിളിപ്പാടകലെ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവിടുന്ന് താഴോട്ടും. ചെമ്പിലോട്ട് കല്ല്യാണം ഭാഗത്തും റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവായിട്ടുണ്ട്.ഇതിനെതിരെയും അധികൃതർ മൗനത്തിലാണ്.