ഓറഞ്ച് ദ വേൾഡ് – 2021 ക്യാമ്പയിന് തുടക്കം കുറിച്ചു
എറണാകുളം : വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു . ജില്ലാ വനിതാ ശിശു വികസന വകുപ്പ്, മഹിളാ ശക്തി കേന്ദ്ര, കൊച്ചി മെട്രോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ സോഷ്യൽ വർക്ക് വിഭാഗവും ക്യാമ്പയിനിന്റെ ഭാഗമായുണ്ട്. ഡിസംബർ ഒന്നു വരെ
വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച സൈക്കിൾ റാലി ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ.പ്രേംന മനോജ് ശങ്കർ ഫ്ലാഗ് ഓഫ് ചെയ്തു.100 വിദ്യാർഥികൾ പങ്കെടുത്ത റാലിയിൽ സ്ത്രീകൾക്കായി വനിതാ ശിശു വികസന വകുപ്പ് നൽകുന്ന സേവനങ്ങളെ കുറിച്ച് വിശദീകരിച്ചു. കൊച്ചി മെട്രോ സ്റ്റേഷനിൽ നിന്ന് തുടങ്ങി രാജഗിരി കോളേജിൽ സമാപിച്ച സൈക്കിൾ റാലിയിൽ രാജഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാദർ ജോസഫ് കുര്യൻ, പ്രൊഫസർ ഡോ. കിരൺ തമ്പി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സിനി കെ. സ് ,മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫയർ ഓഫീസർ ആര്യ പി. ഡി, ജില്ലാ കോർഡിനേറ്റർമാരായ വർഷ കെ, അമൃത മുരളി എന്നിവർ സന്നിഹിതരായിരുന്നു.