സ്ത്രീകളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വസ്ത്രം മാറുന്ന വീഡിയോ; കെ എസ് ആർ ടി സി ഡ്രൈവർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ വനിതാ ജീവനക്കാരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ അയച്ച ഡ്രൈവർക്ക് സസ്പെൻഷൻ. കെ എസ് ആർ ടി സി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം സാബുവിനെയാണ് സസ്പെൻഡ് ചെയ്തത്.വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ജോലി ചെയ്തുവരികയായിരുന്നു സാബു. ഇയാൾ വീട്ടിൽവച്ച് അടിവസ്ത്രം ധരിക്കുന്നതിന്റെ വീഡിയോയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്. 35 വനിതാ ജീവനക്കാരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ പ്രദർശിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ ബി ഗിരീഷ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചു.പല ജീവനക്കാരുടെയും മക്കൾ ഓൺലൈൻ ക്ലാസുകൾക്കുപയോഗിക്കുന്ന ഫോണുകളിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇത് കുടുംബങ്ങളിൽ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് സാബുവിനെ സസ്പെൻഡ് ചെയ്തത്.