മുംബൈ: താനെയിൽ മകളെ കൊലപ്പെടുത്തി സ്യൂട്ട്കെയ്സിലാക്കിയ പിതാവ് പിടിയിൽ. അന്യമതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയതിനാണ് 47 കാരനായ അരവിന്ദ് തിവാരിയാണ് 22 വയസുള്ള മകൾ പ്രിൻസിയെ അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്കെയ്സിലാക്കുകയായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പാണ് പ്രിൻസി ബിരുദ പഠനം പൂർത്തിയാക്കി ഉത്തർ പ്രദേശിൽ നിന്ന് മുംബൈയിൽ എത്തുന്നത്. ഭന്ദൂപിൽ ജോലി ചെയ്തിരുന്ന പ്രിൻസി ഇസ്ലാം മതത്തിൽപ്പെട്ട യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ പിതാവ് പ്രിൻസിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രിൻസിയുടെ മൃതശരീരത്തിന്റെ ഒരു ഭാഗം മാത്രമേ കണ്ടെത്താൻ സാധിച്ചിട്ടുള്ളു. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കണ്ടെത്താൻ പൊലീസിനായിട്ടില്ല.
മലാദിലെ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ് പിതാവ് അരവിന്ദ് തിവാരി. പ്രിൻസിയുടെ പ്രണയം അ റിഞ്ഞത് മുതൽ മകളും അച്ഛനും തമ്മിൽ കലഹത്തിലായിരുന്നു. പ്രണയത്തിൽ ഉറച്ച് നിന്ന പ്രിൻസിയുടെ നിലപാടിൽ പ്രകോപിതനായാണ് മകളെ കൊല്ലാൻ തീരുമാനിച്ചതെന്ന് പിതാവ് അരവിന്ദ് പൊലീസിനോട് സമ്മതിച്ചു . തിത്വാലയിലാണ് പ്രിൻസിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്. പ്രിൻസിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തർപ്രദേശിലെ ജാൻപൂരിലാണ് താമസം.