ആരോപണ വിധേയനായ സി ഐ ഇന്നും ഡ്യൂട്ടിയ്ക്കെത്തി, സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി അൻവർ സാദത്ത് എം എൽ എ
ആലുവ: എൽ എൽ ബി വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സി ഐ സുധീർ ഇന്നും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തി. സുധീറിനെതിരായ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.അതേസമയം ആരോപണ വിധേയനായ സി ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലുവ എം എൽ എ അൻവർ സാദത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. സ്റ്റേഷൻ ചുമതലകളിൽ നിന്ന് സി ഐ സുധീറിനെ മാറ്റണമെന്നും, ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നുമാണ് എം എൽ എയുടെ ആവശ്യം.ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സിഐ ഇപ്പോഴും ഈ സ്ഥാനത്ത് തുടരുന്നതെന്നും, സ്റ്റേഷൻ ചുമതലകളിൽ മാറ്റിയെന്ന് പറഞ്ഞത് മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നെന്നും എം എൽ എ ആരോപിച്ചു. ഗാർഹിക പീഡന പരാതി നൽകിയ മോഫിയയോട് സി ഐ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. യുവതിയുടെ ആത്മഹത്യ കുറിപ്പിലും സുധീറിനെതിരെ പരാമർശമുണ്ട്.