ലൈംഗികപീഡനം അസഹ്യമായി, പിതാവിനെ മകൾ വെട്ടി കൊന്നു; പിടിയിലായത് കോളേജ് വിദ്യാർത്ഥിനി
ബംഗളൂരൂ: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ മകളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരുവിലായിരുന്നു സംഭവം. ദീപക് എന്ന നാൽപ്പത്തഞ്ച് വയസുകാരനെ വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊലയ്ക്ക് പിന്നിൽ മകളും കൂട്ടുകാരുമാണെന്ന് അറിയുന്നത്. പ്രതികളെ യലഹങ്ക ന്യൂ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.ബീഹാർ സ്വദേശിയായ ദീപക് കുടുംബത്തിനൊപ്പം ബംഗളൂരാണ് താമസം. ജി കെ വി കെ ക്യാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ദീപക്. സ്വകാര്യ കോളേജിൽ പഠിക്കുന്ന മൂത്ത മകളെയാണ് ദീപക് പീഡനത്തിനിരയാക്കിയത്. സ്ഥിരമായി ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും അതിന്റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവാണെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ചയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ലൈംഗികാതിക്രമം നടത്തി. തുടർന്നാണ് പെൺകുട്ടി സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൊല നടത്തിയത്. ബീഹാറിൽ ഇയാൾക്ക് മറ്റൊരു ഭാര്യയുണ്ടെന്നും പൊലീസ് പറയുന്നു.