അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി, എന്റെ അവസാനത്തെ ആഗ്രഹം ഇതാണ്; മൊഫിയയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. പിതാവിനോട് ക്ഷമ പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഭർത്താവിനും അയാളുടെ വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.’പപ്പാ സോറി, എന്നോട് ക്ഷമിക്കണം.നിങ്ങൾ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. ഇവിടെ ജീവിക്കാൻ പറ്റുന്നില്ല. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല. ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അയാൾ എന്നെ മാനസിക രോഗിയാക്കി മാറ്റി. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്ന് പറയും. ഇനിയും അത് കേട്ടുനിൽക്കാൻ വയ്യ. ഒരുപാട് സഹിച്ചു. പടച്ചോൻ പോലും അവനോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണമെന്നതാണ് എന്റെ അവസാനത്തെ ആഗ്രഹം’- എന്നൊക്കെയാണ് കത്തിൽ പറയുന്നത്.കൂടാതെ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും, സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് യുവതി വിവാഹം കഴിച്ചത്.ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഒത്തുതീർപ്പിനായി പൊലീസ് വിളിപ്പിച്ചതിനെത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. മടങ്ങിവന്നതിനു ശേഷമാണ് ജീവനൊടുക്കിയത്.