പ്രണയനൈരാശ്യം: വിദ്യാര്‍ഥിനിയെ യുവാവ് കുത്തി , പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കല്‍പ്പറ്റ: പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് വയനാട്ടില്‍ യുവാവ് വിദ്യാര്‍ഥിനിയെ കുത്തി പരുക്കേല്‍പ്പിച്ചു. വൈത്തിരി ലക്കിടി ഓറിയന്റല്‍ കോളജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ പുല്‍പ്പള്ളി സ്വദേശിനിക്കാണു കുത്തേറ്റത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പാലക്കാട് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് അമ്പലക്കുളത്തില്‍ വീട്ടില്‍ ദീപു(23)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ മുഖത്താണ് കത്തി ഉപയോഗിച്ചു കുത്തിയത്. ലക്കിടി ഓറിയന്റല്‍ കോളജിന് സമീപത്തു വച്ചായിരുന്നു ആക്രമണം. വിദ്യാര്‍ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.
ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനി കോളജിനടുത്തുള്ള ഹോസ്റ്റലിലേക്ക് നടന്നപോകുമ്പോള് ദേശീയപാതയില്‍ വച്ചാണു സംഭവം. രണ്ടു പേര്‍ക്കും തൊട്ടുമുന്നിലായി വിദ്യാര്‍ഥിനിയുടെ സഹപാഠികള്‍ ഉണ്ടായിരുന്നു. നടന്നു പോകുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ദീപു കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നുമാണ് സഹപാഠികള്‍ നല്കുന്ന സൂചന.ബൈക്കിലാണ് ദീപു ലക്കിടി കോളജിന് സമീപത്തേക്കെത്തിയത്. ദീപുവും പെണ്‍കുട്ടിയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതാണെന്നു സഹപാഠികള്‍ പറയുന്നു.