മാരക ലഹരി മരുന്നുകളുമായി അഞ്ച് യുവാക്കള്‍ പിടിയില്‍
അടിമാലി: മാരക ലഹരി മരുന്നുകളുമായി അഞ്ച് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തൃശൂര്‍ ജില്ലയില്‍ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന് (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത് നിതിന്‍ കൃഷ്ണ (24), കണിമംഗലം കരയില്‍ റിസ്വാന് റഹ്മാന് (24), കണിമംഗലം കരയില്‍ ഷിനാസ് ഷറഫുദ്ദീന് (23), ചാഴൂര്‍ കരയില്‍ ചെമ്പെയില്‍ ദിലീഷ് ധര്‍മ്മ പാലന് (29) എന്നിവരാണ് പിടിയിലായത്.
അടിമാലി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി നടത്തിയ രാത്രികാല വാഹന പരിശോധനക്കിടയില്‍ വാളറ പള്ളിപ്പടി ഭാഗത്തുനിന്നാണു ഇവരെ പിടികൂടിയത്. 7.734 ഗ്രാം ഹാഷിഷ് ഓയില്‍, 0.037 ഗ്രാം എല്‍.എസ്.ഡി, 0.519 ഗ്രാം എം.ഡി.എം.എ, 2.895 ഗ്രാം ഫെനോബാര്ബിറ്റോണ് എന്നിവ ഇവരുടെ പക്കല്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.