കൗമാരപ്രായത്തിൽ മറഡോണ ബലാത്സംഗം ചെയ്തു, എന്റെ ബാല്യം ഇല്ലാതാക്കി; ഗുരുതര ആരോപണങ്ങളുമായി ക്യൂബൻ വനിത
ബ്വേനസ് ഐറിസ്: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബൻ വനിത രംഗത്ത്. രണ്ട് പതിറ്റാണ്ട് മുൻപ്, തന്റെ കൗമാരപ്രായത്തിൽ മറഡോണ ബലാത്സംഗം ചെയ്തെന്നാണ് മുപ്പത്തിയേഴുകാരിയായ അൽവാരെസിന്റെ ആരോപണം.തനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ മറഡോണ ബലാത്സംഗം ചെയ്തുവെന്നും, മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നും അൽവാരെസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മറഡോണയുടെ മുൻ പരിവാരങ്ങൾക്കെതിരായ കള്ളക്കടത്ത് ആരോപണങ്ങൾ അന്വേഷിക്കുന്ന അർജന്റീനൻ നീതിന്യായ മന്ത്രാലയ കോടതിയിലും അൽവാരെസ് മൊഴി നൽകി.തന്റെ മകൾക്ക് 15 വയസ് പൂർത്തിയായ വേളയിലാണ് പീഡനത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചത്. ഏകദേശം അതേ പ്രായത്തിലാണ് താൻ ജീവതത്തിലെ ഏറ്റവും പ്രയാസകരമായ കാലത്തിലൂടെ കടന്ന് പോയത് എന്നതിനാലാണതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.ആൽവാരെസ് റെഗോ മയാമിയിലാണ് താമസിക്കുന്നത്. മറഡോണ പലരുടെയും മനസിൽ ഇപ്പോഴും ഒരു ഹീറോയായി തുടരുകയാണെന്നും, ഈ സാഹചര്യത്തിൽ അർജന്റീനയിൽ തിരിച്ചെത്താൻ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു. 2001ൽ മറഡോണയ്ക്കൊപ്പം അൽവാരെസ് അർജന്റീനയിലേക്ക് പോയിരുന്നു. ഈ യാത്രയുമായി ബന്ധപ്പെട്ടാണ് പരാതി. അന്ന് അദ്ദേഹത്തിന് 40 വയസായിരുന്നു പ്രായം.