തലസ്ഥാനത്തും കൊച്ചിയിലും യുവാക്കൾക്ക് ക്രൂരമർദ്ദനം; നഗ്നനാക്കി തല്ലിചതച്ച ശേഷം ജനനേന്ദ്രിയത്തിൽ മുളക് പൊടി സ്പ്രേ ചെയ്തു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കൾക്ക് നേരെ ക്രൂരമർദ്ദനം. രണ്ട് സംഭവങ്ങളുടെയും സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിന് കഴിഞ്ഞ ദിവസമാണ് മർദ്ദനമേറ്റത്. രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടയിലായിരുന്നു മർദ്ദനം. ഗുണ്ടാസംഘം ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. പരാതി കൊടുത്തിട്ട് മംഗലാപുരം പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്നും തങ്ങളുടെ പരിധിയിൽ വരുന്ന കേസല്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയതായും അനസ് പറഞ്ഞു.കൊച്ചിയിലും യുവാവിന് നേരെ സമാന രീതിയിൽ ആക്രമണമുണ്ടായി. കൊച്ചി സ്വദേശി ആന്റണി ജോണിയെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് നഗ്നാക്കിയാണ് മർദ്ദിച്ചത്. നട്ടെല്ല് പൊട്ടിയ ആന്റണിയെ ആശുപത്രിയിൽ ചികിത്സയിലാണ്. ചെലവന്നൂരിലെ മരണവീട്ടിൽ നിന്നുമാണ് തട്ടി കൊണ്ടു പോയത്. വിവരം പുറത്തു പറഞ്ഞാൽ കുടുംബത്തോടെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ആന്റണി പറഞ്ഞു.കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്പ്രേ ചെയ്യുകയും കമ്പി വടിക്ക് ദേഹം മുഴുവൻ അടിക്കുകയും ചെയ്തിട്ടുണ്ട്. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് മർദനം. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്കെത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിൽ സിപിഎം നേതാവുമുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്.