ടിപ്പർ ലോറി ഇടിച്ച് കാർ തലകീഴായി മറിഞ്ഞു; കുട്ടികൾ അടക്കം 6 പേർക്ക് പരിക്ക്
കുമ്പള: ടിപ്പർ ലോറി ഇടിച്ച് കാർ തലകീഴായി മറിഞ്ഞു. കുട്ടികൾ അടക്കം ആറ് പേർക്ക് പരിക്കേറ്റു. ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആഇശ (55), ഇസാൻ (നാല്), ശസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു കാറിലും ടിപ്പർ ലോറി ഇടിച്ചെങ്കിലും ആർക്കും പരിക്കില്ല.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പൂഴിയുമായി വന്ന ടിപ്പർ ലോറി ബൊലാനോ, ഫോർച്യൂനർ കാറുകളിൽ ഇടിക്കുകയായിരുന്നു. ബൊലാനോ കാർ ആണ് തലകീഴായി മറിഞ്ഞത്.
പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആഇശയെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.