വിളിച്ചപ്പോൾ കാമുകൻ ഫോണെടുത്തില്ല, നിരാശയിൽ യുവതി മുൾമുനയിൽ നിറുത്തിയത് പൊലീസിനെ, ഒടുവിൽ ഫയർഫോഴ്സിന്റെ കമ്പിപ്രയോഗം
കോട്ടയം: കാമുകനെ തേടി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ മാവേലിക്കര സ്വദേശിനിയായ യുവതി പൊലീസിനെ വട്ടംചുറ്റിച്ചു. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. കോട്ടയത്തെത്തിയ യുവതി ഫോണിൽ വിളിച്ചിട്ടും ഏറെനേരം കാത്തിരുന്നിട്ടും കാമുകൻ പ്രതികരിച്ചില്ല. ഇതോടെ യുവതി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് യുവതിയോട് വീട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുകയും ചെയ്തു.ഈ നിർദേശമെല്ലാം അവഗണിച്ച് യുവതി റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫിന്റെ മുറിയിലേക്ക് ഓടിക്കയറിയ ശേഷം കതക് ഉള്ളിൽനിന്ന് പൂട്ടി. ഇരുമ്പ് വാതിലായതിനാൽ പൊലീസിന് കതക് തുറക്കാൻ കഴിഞ്ഞില്ല. പൊലീസ് പല തവണ ശ്രമിച്ചിട്ടും യുവതി പുറത്തിറങ്ങിയില്ല. രാത്രി മുഴുവൻ പൊലീസുകാർ പുറത്തുനിന്ന് നിരീക്ഷിച്ചു. ഇന്നലെ രാവിലെയും പുറത്തിറങ്ങാൻ യുവതി കൂട്ടാക്കാതിരുന്നതോടെ പൊലീസ് ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജനലിലൂടെ ഇരുമ്പു കമ്പികടത്തി കതകിന്റെ ലോക്ക് മാറ്റിയ ശേഷം യുവതിയെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കളെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോയി.