പണിപ്പെട്ട് പൂട്ടുപൊളിച്ച് ഉള്ളിൽ കടന്നപ്പോൾ വിലപിടിച്ചതൊന്നും കിട്ടിയില്ല, കട്ടക്കലിപ്പിൽ കള്ളൻ ചെയ്തത്
കാട്ടാക്കട: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണശ്രമം. കാട്ടാക്കട മൊളിയൂർ സോപാനത്തിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. മുറികളിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മുൻവശത്തെ പൂട്ട് സ്ട്രോംഗ് ആയതിനാൽ ഇത് പൊളിക്കാനുള്ള ശ്രമം പാളി. തുടർന്ന് പിന്നിലെ സ്റ്റോർ റൂമിന്റെ പൂട്ടുപൊളിച്ച ശേഷം ഇവിടെ നിന്നെടുത്ത പാര ഉപയോഗിച്ച് വീടിന്റെ പിൻവാതിൽ തകർത്താണ് കള്ളൻ അകത്തുകടന്നത്. എല്ലാ മുറികളുടെ വാതിലുകളും കുത്തിത്തുറന്നശേഷം കബോർഡുകളെല്ലാം നശിപ്പിക്കപ്പെട്ടു.ഒരാഴ്ചയായി രാത്രി സമയങ്ങളിൽ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. പകൽ സമയങ്ങളിൽ വീട്ടുടമസ്ഥൻ വന്നുപോയിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച രാവിലെ ലൈറ്റ് ഓഫ് ചെയ്യാൻ എത്തിയപ്പോഴാണ് വാതിലുകൾ തകർത്തനിലയിൽ കണ്ടത്. സ്വർണമോ പണമോ ഗൃഹോപകരണങ്ങളോ നഷ്ടപ്പെട്ടില്ലങ്കിലും വാതിലുകളും കബോർഡുകളും നശിപ്പിച്ചതിലൂടെ രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ രാധാകൃഷ്ണൻ പറഞ്ഞു. കാട്ടക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളം വിദഗ്ദ്ധരും ഡോഗ് സ്ക്വഡും സ്ഥലത്തെത്തിയിരുന്നു.