എസ് ഐയെ വെട്ടിക്കാെന്നത് കുട്ടിക്കുറ്റവാളികൾ, പിടിയിലായവരിൽ പത്തുവയസുകാരനും
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയിൽ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടിക്കുറ്റവാളികൾ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. ഇതിൽ ഒരാൾ പത്തൊമ്പതുകാരനും മറ്റുള്ളവർ 10,17 വയസുകാരുമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.കഴിഞ്ഞദിവസം പുലർച്ചെയാണ് തിരുച്ചറപ്പള്ളി ജില്ലയിലെ നവൽപെട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എസ്.ഐ ആയിരുന്നു ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്കു സമീപം വച്ച് മോഷ്ടാക്കൾ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.നവൽപ്പെട്ട് സ്റ്റേഷൻ പരിധിയിൽ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കിൽ ചിലർ ആടിനെ കടത്തുന്നത് എസ്. ഐ കണ്ടു. അദ്ദേഹം ഇവരെ ബൈക്കിൽ പിന്തുടർന്നു. ഏറെ ദൂരം പോയപ്പോൾ മോഷ്ടാക്കൾ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ 30 വെട്ട് ഏറ്റിട്ടുണ്ട്. സമീപത്തെ റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹം രാവിലെ നാട്ടുകാർ കണ്ടെത്തിയത്.വെള്ളം നിറഞ്ഞ വഴിയിൽ കവർച്ചക്കാരുടെ ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അവിടെ വെച്ച് എസ്ഐയുമായി ഏറ്റുമുട്ടൽ നടന്നിരിക്കാമെന്നാണ് സൂചന.ഭൂമിനാഥന്റെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും നൽകും.