തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂട്ടിരുപ്പുകാരനെ മര്‍ദ്ദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ അരുണ്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വകാര്യ ഏജന്‍സിയെ സുരക്ഷ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ബന്ധുവിന് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ ദേവ്. വാര് കയറുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെ സെക്യൂരിറ്റി ജീവനക്കാര്‍ അരുണിനെ മര്‍ദ്ദിക്കുകയായിരുന്നു. അരുണ്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് അത്യഹിതവിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ വീണ്ടും മര്‍ദിച്ചു. മര്‍ദനത്തില്‍ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേ സമയം സംഭവം വാര്‍ത്തയായതിനു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വിഷയത്തില്‍ ഇടപെട്ടു. കൂട്ടിരുപ്പുകാരന്റെ പരാതിയിന്മേല് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.