കെ പി എ സി ലളിത സഹായം വേണ്ടവരുടെ വിഭാഗത്തിലെന്ന് നിശ്ചയിച്ചത് സർക്കാർ, സംശയമുള്ളവർ അന്വേഷിച്ച് കണ്ടെത്തട്ടേയെന്ന് സുരേഷ് ഗോപി
എറണാകുളം: കെ പി എ സി ലളിത സർക്കാർ സഹായം വേണ്ടവരുടെ വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ നിശ്ചയിച്ചതിനാലാണ് ചികിത്സാ സഹായം നൽകുന്നതെന്നും അതിൽ സംശയമുണ്ടെങ്കിൽ മാദ്ധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേഷ് ഗോപി. സർക്കാരിന്റെ മുന്നിൽ അപേക്ഷ എത്തിയതിനാലാകാം സാമ്പത്തിക സഹായം നൽകുന്നതെന്നും ഇതൊക്കെ സർക്കാരിന്റെ അവകാശങ്ങളിൽപ്പെട്ട കാര്യങ്ങളാണെന്നും താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സർക്കാരിന്റെ സത്യസന്ധതയിൽ നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടതെന്നും അല്ലാതെ അതിനെ കുറിച്ച് പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും മാദ്ധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.കേന്ദ്രസർക്കാരിന്റെ ഫണ്ടിൽ നിന്ന് കലാകാരന്മാർക്ക് ചികിത്സാ സഹായം നൽകാറുണ്ട്. തന്റെ വകയായി മാത്രം 36 പേർക്ക് വർഷം തോറും സഹായം നൽകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ഇതിനോടകം രണ്ട് കോടി 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.ഗുരുതരമായ കരൾ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്രതാരം കെ പി എ സി ലളിതയ്ക്ക് സർക്കാർ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് വരികയും, പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോഴും സിനിമാ നടിക്ക് ലക്ഷങ്ങൾ സർക്കാർ നൽകുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ചിലർ കരുതുന്നത് പോലെ കെ പി എ സി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ലെന്നും അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രമായിരുന്നെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സർക്കാർ നടപടി കൈക്കൊണ്ടതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.