ചെരുപ്പുകൾക്കും തുണിത്തരങ്ങൾക്കും വില ഉയരും; ജി.എസ്.ടി നിരക്ക് വർധിപ്പിച്ചു
ന്യൂഡൽഹി: അടുത്ത വർഷം ജനുവരി മുതൽ ചെരുപ്പുകൾക്കും തുണിത്തരങ്ങൾക്കും വില ഉയരും. ജി.എസ്.ടി നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് വില ഉയരുക. അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനമായാണ് നികുതി വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ഇതിനുള്ള ഉത്തരവ് പുറത്തിറക്കി.
1000 രൂപ വരെയുള്ള തുണിത്തരങ്ങളുടെ ജി.എസ്.ടി നേരത്തെ അഞ്ച് ശതമാനമായിരുന്നു. ഇത് 12 ശതമാനമായാണ് വർധിക്കുക. ഇതേ രീതിയിൽ ചെരിപ്പുകളുടെയും ജി.എസ്.ടിയും ഉയർത്തും. തുണിത്തരങ്ങളുടെ ജി.എസ്.ടി ഉയർത്താനുള്ള തീരുമാനം നിരാശയുണ്ടാക്കുന്നതാണെന്ന് ക്ലോത്തിങ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.
അതേസമയം ജി.എസ്.ടിയിൽ സമഗ്രമായ പരിഷ്കാരങ്ങൾക്കുള്ള ചർച്ചകൾക്കും കേന്ദ്രസർക്കാർ തുടക്കം കുറിച്ചു. പുതിയ നികുതി സമ്പ്രദായം അടുത്ത ജൂലൈയിൽ അഞ്ച് വർഷം തികക്കാനിരിക്കെയാണ് മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. നികുതി ഘടനയിലെ പരിഷ്കാരങ്ങൾ മുതൽ ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കിയ ഉൽപന്നങ്ങളുടെ ലിസ്റ്റിൽ വരെ .
നിലവിൽ ജി.എസ്.ടിയിൽ നാല് നിരക്കുകളാണ് ഉള്ളത്. ഇത് മൂന്നായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാറുകൾക്ക് നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരവും അടുത്ത വർഷം മുതൽ ഒഴിവാക്കും. കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടൻ ഇതിനുള്ള ശിപാർശകൾ നൽകും. ഇത് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ചയാവുമെന്നാണ് റിപ്പോർട്ട്.
നികുതിഘടനയിൽ മാറ്റം വരുന്നതിനോട് സംസ്ഥാനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് വിവരം. അഞ്ച്, 12 ശതമാനം നിരക്കുകൾ ഒറ്റ നിരക്കായി മാറ്റുമെന്നാണ് സൂചന. നിലവിൽ ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക് വരും. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് നിർത്തുേമ്പാൾ വരുമാന നഷ്ടമുണ്ടാകുമോയെന്ന ആശങ്ക സംസ്ഥാനങ്ങൾക്കുണ്ട്.