മഴ വെള്ളപ്പാച്ചിലിൽ ഒഴുകി പോകുന്ന ഓട്ടോറിക്ഷകൾ, വെള്ളത്തിൽ മുങ്ങിയ ബസുകൾക്കുള്ളിൽപ്പെട്ട് മരിച്ചത് 12 പേർ, ആന്ധ്ര പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 17 ആയി
ഹൈദരാബാദ്: ആന്ധ്രാപദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 17 ആയി. നൂറിലേറെപ്പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനും മറ്റുമായി എത്തിയ നിരവധി പേർ ഇപ്പോഴും ക്ഷേത്രത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ക്ഷേത്രത്തിലേക്കുള്ള ചുരവും തിരുമല കുന്നുകളിലേക്കുള്ള നടപ്പാതയും പൂർണമായും അടച്ചു. തിരുപതിയിലെ സ്വർണമുഖി നദി കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ള വീടുകൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ് സർക്കാരിന്രെ കീഴിലുള്ള മൂന്ന് ബസുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. ഇതിനുള്ളിൽ അകപ്പെട്ട 12 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
2021കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കീഴിലുള്ള ദുരന്ത നിവാരണ സേനകൾ ദുരന്ത പ്രദേശങ്ങളിൽ സജീവമാണെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്തെ റോഡ്, റയിൽ, വ്യോമയാന സംവിധാനങ്ങളെല്ലാം നിലച്ച മട്ടാണ്. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ, കഡപ്പ, കുർണൂൽ, അനന്ത്പൂർ എന്നീ ജില്ലകൾ ചേർന്ന റായലസീമ പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ തോർന്നിട്ടില്ല. കരകവിഞ്ഞൊഴുകുന്ന ചെയ്യേരു പുഴയുമായി ബന്ധപ്പെട്ട അണ്ണാമയ്യ ജലസേചന പദ്ധതിയേയും മഴ ബാധിച്ചിട്ടുണ്ട്. ഈ മാസം 25 വരെ കാഡപ്പ വിമാനത്താവളം അടഞ്ഞു കിടക്കുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു