ജീവൻ രക്ഷിക്കാൻ കരൾമാറ്റ ശസ്ത്രക്രിയ വേണം, കെപിഎസി ലളിതയ്ക്ക് ദാതാക്കളെ തേടി കുടുംബവും ബന്ധുക്കളും
തൃശൂർ: ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയ്ക്ക് കരൾ നൽകാൻ തയ്യാറുള്ളവരെ തേടി ബന്ധുക്കൾ. ചികിത്സയുടെ ഭാഗമായി കരൾ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ദാതാവിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായവും തേടുന്നുണ്ട്. ‘ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതൽ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ ഇതുസംബന്ധിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്.പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങൾ ഇല്ലാത്തവരും ആയിരിക്കണം ദാതാവ് . ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി സംഭാവന നൽകാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.അതേസമയം, കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സ സഹായം പ്രഖ്യാപിച്ചതിനെതിരെയുള്ള വിമർശനം ഏറുകയാണ്. പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോഴും സിനിമാ നടിക്ക് ലക്ഷങ്ങൾ സർക്കാർ നൽകുന്നതിനെയാണ് കൂടുതൽ പേരും ചോദ്യം ചെയ്യുന്നത്. കയ്യിൽ പണമില്ലെങ്കിൽ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്നും അവിടെ മികച്ച ചികിത്സ കിട്ടുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിമർശനം ഏറിയതോടെ ചികിത്സാ സഹായം നൽകിയതിനെ ന്യായീകരിച്ച് മന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തി. ചിലർ കരുതുന്ന പോലെ കെപിഎസി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ലെന്നും അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സർക്കാർ നടപടി കൈക്കൊണ്ടത്. സാധാരണക്കാരായ നിരവധി പേർക്ക് സർക്കാരിന്റെ കരുതൽ ഉണ്ടായിട്ടുണ്ട്.കലാകാരൻമാരെ സർക്കാരിന് കൈയൊഴിയാനാവില്ല, കാരണം അവർ നാടിന്റെ സ്വത്താണ്. കായികതാരങ്ങളായാലും സാംസ്കാരിക മേഖലയിൽ നിന്നുള്ളവരായാലും ഇതേ നിലപാടാണ്. ചികിത്സ സഹായത്തിനായി ആര് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയാലും അവരെ സഹായിക്കാറുണ്ട്. പാവങ്ങളേയും കൈയൊഴിയില്ലെന്ന് മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ വിദാദമുണ്ടാക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎസി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കൊച്ചി ആസ്റ്റര് മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. അവരുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.