തിരിച്ചു വരാത്ത യാത്രയ്ക്ക് പോയത് ഒറ്റയ്ക്ക്, ചായക്കട നടത്തി ഭാര്യയ്ക്കൊപ്പം ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങൾ സഞ്ചരിച്ച വിജയൻ അന്തരിച്ചു
കൊച്ചി : ആഗ്രഹമുണ്ടെങ്കിൽ സാധാരണക്കാരനും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ തെളിയിച്ച വിജയൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിൽ ചായക്കട നടത്തിയിരുന്ന വിജയ മോഹന ദമ്പതികൾ ലോകയാത്രകളിലൂടെയാണ് പ്രശസ്തരായത്.ഒടുവിൽ റഷ്യയിലാണ് ദമ്പതികൾ സഞ്ചാരം നടത്തിയത്. അവസാനമായി കഴിഞ്ഞ മാസം 21നാണ് ഇവർ റഷ്യയിൽ സഞ്ചാരം നടത്തിയത്. ആരോഗ്യപ്രശ്നങ്ങളാൽ ഇനിയൊരു യാത്ര നടക്കുമോ എന്ന സംശയത്തിലിരിക്കെയാണ് റഷ്യാ സന്ദർശനം തരപ്പെട്ടതെന്ന് യാത്രയ്ക്ക് മുന്നോടിയായി കേരളകൗമുദിയോട് വിജയൻ പ്രതികരിച്ചിരുന്നു. ദമ്പതികൾ സന്ദർശിക്കുന്ന ഇരുപത്തിയാറാമത്തെ രാജ്യമായിരുന്നു റഷ്യ. ചെറുപ്പം മുതൽ സഞ്ചാരപ്രിയനാണ് വിജയൻ. വിവാഹശേഷം യാത്രയ്ക്ക് കൂട്ടായി ഭാര്യയും കൂടി. ഇന്ത്യയിലെ പ്രധാന പുണ്യസങ്കേതങ്ങളിലേക്കടക്കം നിരവധി യാത്രകൾ നടത്തി. ലോകയാത്ര തുടങ്ങിയത് 2007ലായിരുന്നു. ഈജിപ്തിലേക്കാണ് ആദ്യമായി വിദേശസഞ്ചാരം നടത്തിയത്.ലോകരാജ്യങ്ങളിൽ കറങ്ങിയ ദമ്പതികളുടെ യാത്രകൾ വിദേശമാദ്ധ്യമങ്ങളിലും ഇടംപിടിച്ചതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചൻ, അനുപംഖേർ, ശശി തരൂർ എം.പി തുടങ്ങി നിരവധി പ്രശസ്തരും സ്ഥാപനങ്ങളും ചെറുതും വലുതുമായ സ്പോൺസർഷിപ്പുകളുമായി പ്രോത്സാഹിപ്പിച്ചു. റഷ്യൻയാത്രയും അത്തരമൊരു സ്പോൺസർഷിപ്പിലാണ് നടന്നത്. കൊച്ചി കടവന്ത്ര ഗാന്ധിനഗറിലാണ് ‘ശ്രീബാലാജി കോഫി ബാർ’ ദമ്പതികൾ നടത്തിയിരുന്നത്. ചേർത്തല സ്വദേശിയായ കെ.ആർ.വിജയൻ എറണാകുളത്ത് എത്തിയത് 47 വർഷം മുൻപാണ് . ഇവിടെ ചായക്കട തുടങ്ങിയിട്ട് 27 വർഷമായി.അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയിലെ വിജയന്റെ ചായക്കടയിൽ നേരിട്ടെത്തി അദ്ദേഹത്തിന്റെ അനുഭവങ്ങൾ തിരക്കിയിരുന്നു. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വേണമോ എന്നത് മന്ത്രി ഇവരിൽ നിന്ന് ചോദിച്ചറിഞ്ഞിരുന്നു. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലുമാണ് മാറ്റം വേണ്ടതെന്നായിരുന്നു ദമ്പതികൾ മന്ത്രിയെ അറിയിച്ചത്.