വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏട്, കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി
വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിന് പിന്നാലെ സമരപോരാട്ടം നടത്തിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അർപ്പിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചിരുന്നു. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും മോദി പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.2020 സെപ്റ്റംബറിലായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. തെരുവിൽ അന്തിയുറങ്ങി അനേകായിരം കർഷകർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കേന്ദ്രം കീഴടങ്ങിയത്.ഈ നിയമങ്ങൾ ആത്മാർത്ഥമായാണ് സർക്കാർ കൊണ്ടുവന്നതെന്നും എന്നാൽ ചിലർക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ലെന്നും നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ തീവ്രശ്രമം നടത്തിയെന്നും പ്രധാനമന്ത്രി അഭിസംബോധനക്കിടെ വ്യക്തമാക്കി.