വാഗണ്‍ കൂട്ടക്കൊലക്ക് നൂറ് വയസ്സ്; ആ നാളുകളുടെ പിടച്ചിലിൽ കുരുവമ്പലം
കുരുവമ്പലം: നൂറാണ്ടാകുന്ന വാഗണ്‍ കൂട്ടക്കൊലയുടെ ഓര്‍മയില്‍ ശ്വാസംമുട്ടുകയാണ് കുരുവമ്പലത്തിനും. ബ്രിട്ടീഷ് ക്രൂരതയില്‍ ജീവന്‍പൊലിഞ്ഞ 41 പേര് പുലാമന്തോള്‍ പഞ്ചായത്തിലുള്ളവരാണ്. അതില്‍ 35 പേര് കുരുവമ്പലത്തുകാര്‍.ആഗ്രാമഭൂമികയില് സ്മരണയുടെ സ്പന്ദനമുണ്ട് ഇപ്പോഴും.
വല്യുമ്മ കുഞ്ഞീമയില്നിന്ന് കേട്ട കഥകള്‍ വിറയലോടെ ഓര്‍ത്തെടുക്കുകയാണ് കുരുവമ്പലം കോഴിപ്പറമ്ബത്ത് കുഞ്ഞിമരക്കാര്‍ (80). ”പെരിന്തല്‍മണ്ണയില്‍ ഹാജരാകണമെന്ന് അറീപ്പു കിട്ടി. എന്തിനാണ്, ഏതിനാണ് ഒന്നും അറീല്ല. കോല്ക്കാരന് പറഞ്ഞതാണ് എന്നാ കേട്ടത്. അങ്ങനെ ഉപ്പൂപ്പയും സഹോദരനുംകൂടി വീട്ടില്‍നിന്ന് പോയി. പിന്നെ അറിഞ്ഞത് ചരക്കുവണ്ടീല് കുത്തിനെറച്ച് കൊണ്ടോയിന്നും ശ്വാസംമുട്ടി മരിച്ചൂന്നൊക്കെയാണ്” – കുഞ്ഞിമരക്കാര്‍ പറഞ്ഞു.-
വാഗണ്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട കുരുവമ്ബലം കോഴിപ്പറമ്ബത്ത് കുഞ്ഞിമരക്കാറിന്റെ ചെറുമകനാണ് കുഞ്ഞിമരക്കാര്‍. ഉപ്പൂപ്പയുടെ ഓര്മക്ക് ആദ്യ ചെറുമകനും ആ പേരുതന്നെയാണ് നല്‍കിയത്.
കുട്ടിക്കാലത്ത് വല്യുമ്മ കുഞ്ഞീമയാണ് ഉപ്പൂപ്പയേയും സഹോദരന് ഹൈദര്മാനെ (കോരിപ്പറമ്ബത്ത് ഐദര്‍മാന്‍)യും വാഗണ്‍ ദുരന്തത്തെക്കുറിച്ചും ചെറുമകന് പറഞ്ഞുകൊടുത്തത്. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വാഴയില്‍ കുഞ്ഞയമ്മുവില്നിന്ന് ഉപ്പൂപ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ കുഞ്ഞിമരക്കാര്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍, രക്തസാക്ഷികളുടെ പട്ടികയില്‍ കുഞ്ഞിമരക്കാരുടെ പേരില്ല. സഹോദരന് ഹൈദര്മാന്റെ പേരെയുള്ളൂ.