വസ്ത്രത്തിനു മുകളിലൂടെയുള്ള സ്പര്‍ശനം ലൈംഗിക കുറ്റമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
ന്യുഡല്‍ഹി: വസ്ത്രത്തിനു മുകളിലൂടെയുള്ള സ്പര്‍ശനം പോക്സോ ആക്ടില്‍ വരുന്ന ലൈംഗിക അതിക്രമ കുറ്റമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ലൈംഗിക ഉദ്ദേശത്തോടെ നടത്തുന്ന ഏതു സ്പര്‍ശനവും ലൈംഗിക കുറ്റകൃത്യമാണെന്നും ഇതിന് കുട്ടികളുമായി ചര്‍മ്മ സ്പര്‍ശനം വേണമെന്നില്ലെന്നും ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചര്‍മ്മ സ്പര്‍ശനം വേണമെന്ന് പറയുന്നത് പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി തന്നെ ഇല്ലാതാക്കുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമത്തിന്റെ കുടുക്കില്‍ നിന്ന് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അനുവദിക്കുന്നതല്ല നിയമത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്ശിച്ചുവെന്നതാണ് കേസ്. പ്രതിക്ക് സെഷന്‍സ് കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ പ്രതിസമര്പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി ജനുവരി 27നാണ് വിചിത്ര ഉത്തരവ് നല്‍കിയത്. ഇതിനെതിരെ അറ്റോര്‍ണി ജനറലും ദേശീയ വനിതാ കമ്മീഷനുമാണ് അപ്പീല്‍ നല്‍കിയത്.